വാര്‍ഷിക പെന്‍ഷന്‍ മസ്റ്ററിംഗ് - പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള തീയതി 31.10.2026 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.
ഒറ്റ നോട്ടത്തില്‍

എറാണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴ ബ്ളോക്കിലാണ് മാറാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മാറാടി, മേമുറി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മാറാടി ഗ്രാമപഞ്ചായത്തിന് 21.37 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് വാളകം പഞ്ചായത്തും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് ആരക്കുഴ പഞ്ചായത്തും, തെക്കുഭാഗത്ത് ആരക്കുഴ, തിരുമാറാടി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തിരുമാറാടി, പാമ്പാക്കുട, രാമമംഗലം പഞ്ചായത്തുകളുമാണ്. തിരു-കൊച്ചി സംസ്ഥാനത്ത് 1953-ല്‍ പഞ്ചായത്തുകള്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ തന്നെ മാറാടി പഞ്ചായത്തും നിലവില്‍ വരികയുണ്ടായി. ആദ്യത്തെ പ്രസിഡന്റ് ഐപ്പ് കുര്യാക്കോസ് ആയിരുന്നു. 1953 ഓഗസ്റ്റ് 8-ാം തിയതിയാണ് മാറാടി പഞ്ചായത്ത് നിലവില്‍ വന്നത്. ഊളകുന്ന്, മേളക്കുന്ന്, കടുംമ്പാറ, തണ്ടയില്‍ എന്നീ കുന്നുകളാണ് പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങള്‍. പാറതത്ത, ശുലം, മയിലാടുംപാറ എന്നിവ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പ്രധാന സ്ഥലങ്ങളാണ്. മലനാട് ഭൂപ്രകൃതിമേഖലയില്‍ ഉള്‍പ്പെടുന്ന മാറാടി പഞ്ചായത്തിലെ മുഖ്യകൃഷി റബ്ബര്‍, കപ്പ, കൈതച്ചക്ക, തെങ്ങ്, വാഴ എന്നിവയാണ്. മൂവാറ്റുപുഴയാറാണ് പ്രധാന ജലസ്രോതസ്സ്. കൊച്ചി-മധുര ദേശീയപാത-49, ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനപാതയായ എം.സി റോഡ് എന്നിവ കടന്നുപോകുന്ന പഞ്ചായത്താണിത്.