വാര്‍ഷിക പെന്‍ഷന്‍ മസ്റ്ററിംഗ് - പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള തീയതി 31.10.2026 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

പഴയ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു സ്വാതന്ത്ര്യപ്രാപ്തി വരെ മാറാടി എന്ന ഈ ഗ്രാമം. റോഡുഗതാഗതം വികസിക്കുന്നതിനു മുമ്പ്, ഇവിടുത്തേയും പരിസരഗ്രാമങ്ങളിലേയും മുഖ്യ നാണ്യവിളയായിരുന്ന കുരുമുളക് കെട്ടുവള്ളങ്ങളില്‍ കയറ്റി തൊടുപുഴയാറും, മൂവാറ്റുപുഴയാറും വഴിയായിരുന്നു വിപണനകേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നത്. ഒരുകാലത്ത് ഇവിടുത്തെ കൃഷിഭൂമിയില്‍ പകുതിയിലധികവും നിലങ്ങളായിരുന്നു. നെല്ല് പ്രധാന കാര്‍ഷികോല്‍പ്പന്നമായിരുന്ന ആ കാലഘട്ടത്തില്‍ നിലങ്ങളും, കൃഷിഭൂമികളും ഭൂരിഭാഗവും കൈയ്യടക്കിവച്ചിരുന്നവര്‍ നമ്പൂതിരിമാരും, നായന്മാരും, കുറുപ്പന്മാരും, ദേവസ്വങ്ങളും, ബ്രഹ്മസ്വങ്ങളും ഉള്‍പ്പെട്ട വന്‍കിടജന്മികളും, ഭൂവുടമകളുമായിരുന്നു. പല വിധത്തിലുള്ള പാട്ടവ്യവസ്ഥകളായിരുന്നു കൃഷിക്കാര്‍ക്കുമേല്‍ ജന്മിവര്‍ഗ്ഗം അടിച്ചേല്‍പിച്ചിരുന്നത്. അരിയും കപ്പയും ആയിരുന്നു അക്കാലത്തെ പ്രധാന ആഹാരം. 1940-കളില്‍ രണ്ടാംലോകമഹായുദ്ധകാലഘട്ടത്തില്‍ രണ്ടേക്കറില്‍ താഴെ കൃഷി ചെയ്യുന്നവരില്‍ നിന്നുകൂടി “ലെവി നെല്ലു” പിരിച്ചപ്പോള്‍ ചെറുകിടകൃഷിക്കാരും വിഷമതയിലായി. രാജാവിന്റെയും സര്‍.സി.പി.യുടെയും കാലത്ത് തിരുവിതാംകൂറില്‍ ദുര്‍ബ്ബലമായിരുന്ന ദേശീയ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങള്‍ മാറാടിയിലും പരിസരപ്രദേശങ്ങളിലും ശക്തമാവുന്നതിന് ഇതും ഒരു കാരണമായി. 1935 മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഈ പ്രദേശങ്ങളില്‍ പല രൂപത്തിലുള്ള പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട്. വര്‍ക്കി ചുമ്മാര്‍ കൊട്ടേക്കുടി, കെ.റ്റി.ചുമ്മാര്‍, കുറ്റപ്പുഴ, മാത്യു വര്‍ഗ്ഗീസ് ഐക്കരക്കുടിയില്‍ സി.എ.പൌലോസ് മംഗലത്ത, എം.പി.യോഹന്നാന്‍ പടിഞ്ഞാറേമാടശ്ശേരില്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യസമര രംഗത്തെ സജീവ പ്രവര്‍ത്തകരായിരുന്നു. 1949 ജൂലായ് 1-ന് തിരു-കൊച്ചി സംയോജനം നടന്ന ദിവസം ഐക്യകേരളത്തിനു വേണ്ടി ആരംഭിച്ച പ്രസിദ്ധമായ വൈക്കം ജാഥയില്‍ പങ്കു ചേര്‍ന്നതിന് ഈ പ്രദേശത്തെ നിരവധി ദേശസ്നേഹികള്‍ക്ക് പോലീസില്‍ നിന്ന് പീഡനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. 1970-ല്‍ കാര്‍ഷിക ഭൂപരിഷ്കരണ നിയമം പ്രാബല്യത്തില്‍ വന്നതോടെയാണ് പഞ്ചായത്തിലെ കൃഷിക്കാര്‍ക്ക് കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചത്. മുന്‍കാലത്ത് എല്ലാ ജോലിക്കും നെല്ലാണ് കൂലിയായി നല്‍കപ്പെട്ടിരുന്നത്. ഭൂവുടമാബന്ധത്തില്‍ വന്ന മാറ്റവും ആസൂത്രണങ്ങളുടെ ഭാഗമായി നവീന കൃഷിസമ്പ്രദായങ്ങള്‍ ആവിര്‍ഭവിച്ചതും കാര്‍ഷികമേഖലയില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തി. പഴയ നിലങ്ങളെല്ലാം തന്നെ ഇന്ന് റബ്ബര്‍ തോട്ടങ്ങളായി മാറിയിരിക്കുന്നു. കുരുമുളക്, ഇഞ്ചിപ്പുല്ല്, ഇഞ്ചി, മഞ്ഞള്‍, കച്ചോലം തുടങ്ങിയ സുഗന്ധവിളകളും കശുവണ്ടിയുമായിരുന്നു ഇവിടുത്തെ പ്രധാന നാണ്യവിളകള്‍. ക്രമേണ നാളികേര കൃഷിയും വ്യാപിച്ചുതുടങ്ങി. ഇതിനനുസൃതമായി ഇവിടെയും ചുറ്റുവട്ടത്തുമുള്ള വ്യാപാരകേന്ദ്രങ്ങളില്‍ മലഞ്ചരക്കിന്റെയും മറ്റും വിപണിയും സജീവമായി. വളരെ പഴക്കമുളള മെയിന്‍ സെന്‍ട്രല്‍ റോഡും, മൂവാറ്റുപുഴ-പിറവം റോഡും, മാറാടി-മണ്ണത്തൂര്‍-കൂത്താട്ടുകുളം റോഡുമാണ് ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന പാതകള്‍. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം വളരെ വ്യത്യസ്തമായ ഒരു സാംസ്ക്കാരിക ഉണര്‍വ് ആളുകളിലുണ്ടായതിന്റെ ഫലമായി വായനാശീലം വളര്‍ത്തുന്നതിന് പ്രാദേശികവായനശാലകളും കലാകായിക അഭ്യസനത്തിനുവേണ്ടി ക്ളബ്ബുകളും നാടിന്റെ നാനാഭാഗത്തും ഉണ്ടായി. കുട്ടികളേയും സ്ത്രീകളേയും ആകര്‍ഷിക്കുന്നതിനുവേണ്ടി ദേശീയോത്സവമായ ഓണത്തോടും ക്രിസ്തുമസിനോടും മറ്റുത്സവങ്ങളോടുമനുബന്ധിച്ച് കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പെട്ട ജനങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന പഞ്ചായത്താണിത്. മാറാടി ഭഗവതി ക്ഷേത്രം, മഞ്ജരിപ്പടി തിരുമഥുരക്ഷേത്രം, മറ്റപ്പാടം മഹിഷാസുര മര്‍ദ്ദിനിക്ഷേത്രം, നാലാംമൈല്‍ തൃക്കാ ശ്രീകൃഷ്ണ ക്ഷേത്രം, ഉല്ലപ്പിള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, അരീയ്ക്കല്‍ ദുര്‍ഗ്ഗാക്ഷേത്രം, കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ പള്ളി, ഈസ്റ്റ് മാറാടി സെന്റ് ജോര്‍ജ്ജ് കത്തോലിക്കപള്ളി, മീന്‍കുന്നം കത്തോലിക്കപള്ളി, ഇരട്ടിയിനിക്കുന്ന് സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളി, കായനാട് സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളി, മാറാടി കാത്തോലിക്കേറ്റ് ചാപ്പല്‍, നാലാം മൈല്‍ സെന്റ് തോമസ് മൌണ്ട് പള്ളി, പുല്‍പ്പറമ്പില്‍ സി.എസ്.ഐ.പള്ളി, തൈക്കാവ് മുസ്ളീം പള്ളി, ഈസ്റ്റ് മാറാടി മുസ്ളീംപള്ളി, ഉല്ലാപ്പിള്ളി മുസ്ളീം പള്ളി എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് മുടിയേറ്റ്, ഗരുഢന്‍ തൂക്കം, കഥകളി തുടങ്ങിയ പല കലാരൂപങ്ങളും മുടങ്ങാതെ നടന്നുവരുന്നു. 1915-ല്‍ സ്ഥാപിതമായ അരുക്കുന്നുപുരം എല്‍.പി.സ്കൂളായിരുന്നു ഇവിടുത്തെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം.